|
കോട്ടയം: പുരോഹിതവര്‍ഷമായി സാര്‍വത്രികസഭ ആചരിക്കുന്ന ഈ വര്‍ഷത്തില്‍ കോട്ടയം അതിരൂപത ഏപ്രില്‍ 11 ദൈവവിളിദിനമായി മാറ്റിവച്ചിരിക്കുന്നത് സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നു. നമ്മുടെ യുവതീയുവാക്കള്‍ക്ക് തങ്ങളുടെ ദൈവിളികളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള അവസരങ്ങള്‍ ദൈവവിളി ക്യാമ്പുകളിലൂടെ അവസരം ഒരുക്കുകയാണ്. കോട്ടയത്ത് ആണ്‍കുട്ടികള്‍ക്കായുള്ള ദൈവവിളി ക്യാമ്പ് ഏപ്രില്‍ 12 മുതല്‍ 14 വരെയും, പെണ്‍കുട്ടികള്‍ക്കായുള്ള ക്യാമ്പ് ഏപ്രില്‍ 15 മുതല്‍ 17 വരെയും ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെടുന്നു. മലബാറില്‍ ആണ്‍കുട്ടികള്‍ക്കായുള്ള ദൈവവിളി ക്യാമ്പ് ഏപ്രില്‍ 19 മുതല്‍ 21- വരെയും, പെണ്‍കുട്ടികള്‍ക്കായുള്ള ക്യാമ്പ് ഏപ്രില്‍ 22 മുതല്‍ 24 വരെയും കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ചും നടത്തപ്പെടുന്നു.
ദൈവം ഓരോരുത്തര്‍ക്കും ദാനമായി നല്‌കുന്ന വിളിയെ തിരിച്ചറിഞ്ഞ് അതിലൂടെ ജീവിതദൗത്യം നിര്‍വഹിക്കുവാന്‍ ദൈവവിളിദിനം നമ്മെ അനുസ്‌മരിപ്പിക്കുന്നു. ബനഡിക്‌ട് 16-ാമന്‍ മാര്‍പാപ്പ 2010-ലെ ദൈവവിളി ഞായര്‍ ആചരണത്തോടനുബന്ധിച്ച് നല്‌കിയ സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു: “ജീവിതസാക്ഷ്യം ദൈവവിളികളെ ഉണര്‍ത്തുന്നു.” ഓരോരുത്തരും തങ്ങള്‍ക്ക് ദൈവം നല്‌കിയിരിക്കുന്ന ദൈവവിളിയോട് എത്രമാത്രം പ്രതിബദ്ധതയോടെ ജീവിക്കുന്നുവെന്ന് ചിന്തിക്കുവാനും ദൈവവിളി പ്രോത്സാഹനത്തിനായി പരിശ്രമിക്കുവാനും ഈ ദിനം നമ്മെ ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നമ്മുടെ അതിരൂപതയിലെ വിശ്വാസസമൂഹത്തിന്റെ വിശ്വാസചൈതന്യം ശക്തിപ്പെടുത്താനും ശരിയായ മാര്‍ഗനിര്‍ദേശം നല്‌കി നയിക്കാനും സമര്‍പ്പിത ദൈവവിളികളുടെ പ്രോത്സാഹനം ആവശ്യമാണ്.ദൈവവിളി പ്രോത്സാഹനത്തില്‍ സഭയോട് സഹകരിക്കാന്‍ ഓരോ ക്രൈസ്‌തവനും കടമയുണ്ട്. തങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനയും മറ്റ് സാധ്യമായ പ്രോത്സാഹനമാര്‍ഗങ്ങളും ഇതിനായി നാം ഉപയോഗിക്കണം (P.O II). ദൈവവിളിക്കായി തങ്ങളുടെ മക്കളെ ദൈവം തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കന്മാര്‍ അതീവ സന്തുഷ്‌ടരും അതിനെ വളര്‍ത്തി പരിപോഷിപ്പിക്കാന്‍ ഉത്സുകരുമായിരിക്കണം. സമര്‍പ്പിതര്‍ക്കെതിരായി ഇന്ന് സമൂഹത്തില്‍ ഉന്നയിക്കപ്പെടുന്ന വ്യാജ ആരോപണങ്ങളെ തിരിച്ചറിവോടെ മനസിലാക്കാനും അതിനെ അനാവശ്യമായി ഉയര്‍ത്തിക്കാണിക്കുന്ന മാധ്യമലോകത്തിന്റെ വാണിജ്യതാത്‌പര്യങ്ങളോട് ജാഗ്രതപുലര്‍ത്താനും നാം ശ്രദ്ധിക്കണമെന്നും ദൈവവിളി ഞായറിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറി (സര്‍ക്കുലര്‍ നമ്പര്‍ 83, 15-3-2010)ല്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്യുന്നു. |




Vatican