കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എസ്.എസ്.എസ്.) വാര്‍ഷികവും വനിതാ ദിനാഘോഷങ്ങളും എട്ടാം തീയതി തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'വനിതാമുന്നേറ്റം രാഷ്ട്രപുരോഗതിക്ക്' എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റില്‍ നിന്ന് ആരംഭിക്കുന്ന വനിതാദിനറാലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.
റാലിക്ക് ശേഷം കെ.പി.എസ്.മേനോന്‍ ഹാളില്‍ ചേരുന്ന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കളക്ടര്‍ മിനി ആന്റണി അധ്യക്ഷത വഹിക്കും.
സമ്മേളനത്തില്‍ വനിതാ സ്വാശ്രയമുന്നേറ്റ പ്രവര്‍ത്തകരെ ആദരിക്കലും 2010 വര്‍ഷത്തെ കെ.എസ്.എസ്.എസ്. വികസന കര്‍മ്മരേഖയുടെ പ്രകാശനവും നടക്കും.
സംഘാടകസമിതി ഭാരവാഹികളായ സിസ്റ്റര്‍ ലിനറ്റ്, ഡി.സി.പി.ബി., നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ബാനര്‍ജി, മിനി ജോബി, പ്രസന്ന അഭിലാഷ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.
|