KCCNA CONVENTION 2012

Our Sponsors

കേരള വികസനവും ടൂറിസവും - സെമിനാര്‍ ഉജ്വലമായി

posted Feb 20, 2010 10:37 AM by knanaya news   [ updated Feb 20, 2010 10:59 AM by Anil Mattathikunnel ]

കോട്ടയം : പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന ആര്‍ത്തി നിറഞ്ഞ സമീപനം ടൂറിസം രംഗത്തുണ്ടാകരുതെന്ന്‌ സംസ്ഥാന വനംവകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം പറഞ്ഞു. കേരളത്തിന്റെ പ്രകൃതിലാവണ്യവും പാരിസ്ഥിതിക സന്തുലനവും നിലനിര്‍ത്തിക്കൊണ്ടു വേണം ടൂറിസം വികസനം സാദ്ധ്യമാക്കാന്‍. കേരളം താരതമ്യേന സുരക്ഷിതത്വമുള്ള സംസ്ഥാനമാണെങ്കിലും കൂടുതല്‍ ജാഗ്രത ആവശ്യമാണ്‌. തീവ്രവാദം വളര്‍ന്നാല്‍ അത്‌ ടൂറിസം വികസനത്തിന്‌ ഹാനികരമാകും. സഞ്ചാരികള്‍ കേരളത്തിലേയ്ക്ക്‌ വരുന്നത്‌ പ്രകൃതി ലാവണ്യം മതിയാവോളം ആസ്വദിക്കാനാണ്‌. സ്‌ത്രീത്വത്തെ അപമാനിക്കുന്ന സദാചാരശൂന്യത കേരളീയര്‍ ഒരിക്കലും പ്രകടിപ്പിക്കരുതെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളാ എക്‌സ്‌പ്രസ്‌ സംഘടിപ്പിച്ച കേരളവികസനവും ടൂറിസവും എന്ന സെമിനാര്‍ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രി കെ.എം. മാണി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാരത്തിനെത്തുന്നവരെ ചൂഷണം ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നും കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലെ ശുചിത്വ സംവിധാനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോമസ്‌ ജേക്കബ്‌ (മലയാള മനോരമ) മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എ. മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, റോഷി അഗസ്റ്റിന്‍, സി.എല്‍. തോമസ്‌ (ഏഷ്യാനെറ്റ്‌ ന്യൂസ്‌), പി.കെ. ജയചന്ദ്രന്‍ (മാതൃഭൂമി), സെര്‍ജി ആന്റിണി (ദീപിക), ഷാലു മാത്യു (മംഗളം), കേരളാ എക്‌സ്‌പ്രസ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജോസ്‌ കണിയാലി, മാനേജിംഗ്‌ എഡിറ്റര്‍ ടൈറ്റസ്‌ ഈപ്പന്‍, സെബാസ്റ്റ്യന്‍ ജോസഫ്‌ (മലയാളം പത്രം), ജോയി ജോണ്‍ (മലയാളം വാര്‍ത്ത), പോള്‍ കറുകപ്പള്ളി (ഫൊക്കാന), ശിവന്‍ മുഹമ്മ (ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ അമേരിക്ക), തോമസ്‌ മുളയ്ക്കല്‍ (ന്യൂയോര്‍ക്ക്‌), ജോയി ചെമ്മാച്ചേല്‍ (ചിക്കാഗോ), എന്‍.ടി.ജെ. കല്ലിശ്ശേരി (ഡാളസ്‌), രാജു ആലപ്പാട്ട്‌, ഷിബു മണല, ജെയിംസ്‌ തെക്കനാട്ട്‌, മാണി സാമുവല്‍, തോമസ്‌ വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഫ. ബാബു പൂഴിക്കുന്നേല്‍ മോഡറേറ്ററായിരുന്നു.

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites