|
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഖജനാവും രാഷ്‌ട്രീയ പാര്‍ട്ടികളുടെ കീശയും വീര്‍പ്പിക്കാന്‍മാത്രം ലക്ഷ്യംവയ്ക്കുന്ന ഭ്രാന്തന്‍ മദ്യനയം നടപ്പാക്കിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്‌ടിവരുമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൌണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം മുന്നറിയിപ്പ് നല്‍കി.
മദ്യത്തിന്റെ ഉപയോഗം കുതിച്ചുയരുന്ന കേരളത്തില്‍ മദ്യം വ്യാപകമായി ഒഴുക്കുന്നതിന് അനുകൂലമായ മദ്യനയം രൂപീകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഇതിനെ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് യോഗം വ്യക്തമാക്കി.
മദ്യ ഫാക്‌ടറിയും ഡിസ്റ്റിലറികളും തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം. യഥേഷ്‌ടം മദ്യശാലകള്‍ തുടങ്ങാനും വില കുറഞ്ഞ മദ്യം സാധാരണ കടകളില്‍പോലും ലഭ്യമാക്കാനുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
മദ്യ ഉപയോഗം മൂലം തകരുന്ന കുടുംബങ്ങളെയും മനുഷ്യനെയും വീണ്‌ടും തകര്‍ക്കാനേ ഇത് ഉപകരിക്കൂ. വിലകുറഞ്ഞ മദ്യം വിപണിയില്‍ യഥേഷ്‌ടം ഇറക്കാനും മദ്യത്തില്‍ സ്‌പിരിറ്റിന്റെ അളവ് വര്‍ധിപ്പിക്കാനുമുള്ള നീക്കം ചാരായ നിരോധനം അട്ടിമറിക്കാനും കൂടുതല്‍ മദ്യാസക്തരെ സൃഷ്‌ടിക്കാനും വഴിതെളിക്കും.
കുടിവെള്ളമില്ലാത്ത നാട്ടില്‍ എല്ലാവര്‍ക്കും മദ്യം എന്നതായിരിക്കുന്നു സര്‍ക്കാരിന്റെ നയം. ഇത് ജനദ്രോഹമാണ്. മദ്യം നല്‍കുന്നവര്‍ തന്നെ ബോധവല്‍ക്കരണം നടത്തുന്നത് വിരോധാഭാസമാണ്. ചികില്‍സയും ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് മുഖേന സന്നദ്ധ സംഘടനകള്‍ നടത്തട്ടെ. കള്ളുഷാപ്പുകളുടെ വാടക കുറച്ച് വ്യാജമദ്യം ഉണ്‌ടാക്കി വില്‍ക്കാനുള്ള സൌകര്യമാണ് അബ്‌കാരികള്‍ക്ക് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന് ഫീസ് നല്‍കിയാല്‍ എവിടെയും മദ്യശാലകള്‍ തുടങ്ങാമെന്ന അവസ്ഥയാണിപ്പോളെന്ന് മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
മദ്യനയത്തിനെതിരെ സ്‌ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഭവനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമിതി തീരുമാനിച്ചു.
മദ്യനയത്തിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ എല്ലാ സമുദായങ്ങളും ഉള്‍ക്കൊള്ളുന്ന മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃയോഗം 18ന് രാവിലെ 10 ന് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് വിജയപുരം ബിഷപ്‌സ് ഹൌസില്‍ ചേരും. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ ഉള്‍പ്പെടെ ബിഷപ്പുമാരും സമുദായനേതാക്കളും പങ്കെടുക്കും. 16 ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ യോഗം തിരുവനന്തപുരം ആനിമേഷന്‍ സെന്ററില്‍ നടക്കും. |




Vatican