|
മോനിപ്പള്ളി: തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തോടനുബന്ധിച്ച് എം.സി. റോഡിന്റെ ഓരത്തായി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പതിനഞ്ച് അടി ഉയരത്തിലുള്ള പൂര്‍ണകായ സ്വരൂപം പ്രതിഷ്‌ഠിക്കുന്നു. ഇതിന്റെ നിര്‍മാണം തൃശൂരില്‍ പൂര്‍ത്തിയായി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ എതിര്‍വശത്തുള്ള സെന്റ് ജോസഫ് ആര്‍ട്ട് സ്റ്റുഡിയോയിലാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വരൂപ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. സിമന്റും കമ്പിയും ഉപയോഗിച്ചാണ് സ്വരൂപത്തിന്റെ നിര്‍മാണം. ഇതില്‍ മുഖം മാത്രമാണ് കളിമണ്ണില്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ടണ്‍ ഭാരമുള്ളതിനാല്‍ ഏഴ് ഭാഗങ്ങളാക്കിയാണ് നിര്‍മാണം. സ്വരൂപം മുഴുവന്‍ നിര്‍മിച്ച ശേഷം ഏഴ് കഷണങ്ങളാക്കി മുറിച്ച് മാറ്റുകയാണ് ചെയ്‌തത്. ഉള്ള് മുഴുവന്‍ പൊള്ളയായ രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. മോനിപ്പള്ളിയില്‍ എത്തിച്ച് ഓരോ ഭാഗങ്ങളും ഉറപ്പിച്ച ശേഷം ഉള്‍വശം മുഴുവന്‍ സിമന്റിട്ട് നിറയ്‌ക്കും. ഈ സ്വരൂപം കൂടാതെ അല്‍ഫോന്‍സാമ്മയുടെ ചുറ്റും വയ്‌ക്കുന്നതിനായി വ്യാകുലമാതാവിന്റെയും തിരുഹൃദയത്തിന്റെയും ലൂര്‍ദ് മാതാവിന്റെയുമൊക്കെ അഞ്ചടി ഉയരത്തിലുള്ള പത്ത് സ്വരൂപങ്ങളും നിര്‍മിച്ചിട്ടുണ്ട്. രണ്ടു മാസത്തെ കഠിന പ്രയത്‌നം കൊണ്ടാണ് അല്‍ഫോന്‍സാമ്മയുടെ 15 അടി ഉയരത്തിലുള്ള സ്വരൂപം നിര്‍മിച്ചതെന്ന് സെന്റ് ജോസഫ് ആര്‍ട്ട് സ്റ്റുഡിയോക്കാര്‍ പറഞ്ഞു. ഇത്രയും വലിപ്പത്തിലുള്ള അല്‍ഫോന്‍സാമ്മയുടെ സ്വരൂപം കേരളത്തില്‍ ആദ്യത്തേതാണ്.
ഏപ്രില്‍ 16 ന് തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പ് നടത്തുമെന്ന് മോനിപ്പള്ളി പള്ളി വികാരി ഫാ.ജോസഫ് ഈഴാറാത്ത് അറിയിച്ചു. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും അന്നു തന്നെ പള്ളിയില്‍ പ്രതിഷ്‌ഠിക്കുന്നതാണ്. അന്നു രാവിലെ ഭരണങ്ങാനത്തു നിന്ന് തിരുശേഷിപ്പ് ആഘോഷമായി മോനിപ്പള്ളിയിലേക്കു കൊണ്ടുവരും. ഉച്ചകഴിഞ്ഞ് കുരുശുപള്ളിയില്‍ എത്തിച്ച ശേഷം അവിടെ നിന്ന് പ്രദക്ഷിണമായി പള്ളിയിലേക്ക് തിരുശേഷിപ്പ് കൊണ്ടുപോകുന്നതാണ്. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരുശേഷിപ്പ് പള്ളിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പ്രതിഷ്‌ഠിക്കുന്നതാണ്. തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പു കര്‍മവും മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും.
. സൈമണ്‍ പഴുക്കായില്‍ |




Vatican 