|
കൊച്ചി: നിയമ പരിഷ്‌കരണ കമ്മീഷന്റെ ക്രൈസ്‌തവ വിരുദ്ധ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സീറോ മലബാര്‍സഭ അല്‌മായ കമ്മീഷന്‍.
ജസ്റ്റീസ് വി. ആര്‍ കൃഷ്‌ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിന് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന നിയമ പരിഷ്‌കരണ നിര്‍ദേശങ്ങളിലെ ക്രൈസ്‌തവ വിരുദ്ധ ശിപാര്‍ശകള്‍ നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്‌ടായാല്‍ ശക്തമായി എതിര്‍ക്കുമെന്നാണ് സീറോ മലബാര്‍സഭാ അല്‌മായ കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ശിപാര്‍ശകള്‍ നടപ്പിലാക്കാത്തതില്‍ ജസ്റ്റീസ് വി.ആര്‍ കൃഷ്‌ണയ്യര്‍ ഇക്കഴിഞ്ഞ ദിവസം പ്രകടിപ്പിച്ച ആശങ്കകള്‍ അസ്ഥാനത്താണ്. ക്രൈസ്‌തവസഭയെക്കുറിച്ചോ, സഭയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചോ, വിശ്വാസ സത്യങ്ങളെക്കുറിച്ചോ വേണ്‌ടത്ര അറിവോ, പഠനമോ, ചര്‍ച്ചകളോ ഇല്ലാതെ സമര്‍പ്പിച്ചിരിക്കുന്ന സഭാവിരുദ്ധ നിയമ പരിഷ്‌കരണ ശിപാര്‍ശകള്‍ ക്രൈസ്‌തവ സമൂഹത്തിന്റെ വിശ്വാസജീവിതത്തെ തകിടം മറിക്കുന്നതാണ്. നിയമ നിര്‍മാണവും, പരിഷ്‌കരണവും, ശിപാര്‍ശകളും ജനങ്ങളുടെ നന്മ ലക്ഷ്യമാക്കിക്കൊണ്‌ടായിരിക്കണം.
മതവികാരത്തെ വ്രണപ്പെടുത്തി അടിച്ചമര്‍ത്തി ഭരിക്കാനുള്ള ആയുധമാക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും അല്‌മായ കമ്മീഷന്‍ ചൂണ്‌ടിക്കാട്ടി. ആത്മഹത്യയെ കുറ്റകരമല്ലാതാക്കാനും, ദയാവധം അംഗീകൃതമാക്കി ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 309ാം വകുപ്പ് ഭേദഗതി ചെയ്യാനും, ജനന നിയന്ത്രണനയം കര്‍ക്കശമാക്കി രണ്‌ടിലേറെ കുട്ടികളുണ്‌ടായാല്‍ ശിക്ഷാനടപടികളും ജനന നിയന്ത്രണം പാലിക്കുന്നവര്‍ക്കു സര്‍ക്കാര്‍ വക സമ്മാനങ്ങളും നല്‍കാനുമുള്ള ശിപാര്‍ശകള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്‌ട്. ക്രൈസ്‌തവര്‍ വിശുദ്ധമായി പാലിക്കുന്ന കൂദാശയായ വിവാഹത്തിനു ദൈവാലയത്തിന്റെയോ പുരോഹിതത്താരുടെയോ ആവശ്യമില്ലെന്നുള്ള നിയമനിര്‍ദേശങ്ങളും ഇതിലുണ്‌ട്.
സഭയുടെ വിഭവവിനിയോഗത്തിനും സ്ഥാപനങ്ങളു ടെ പ്രവര്‍ത്തനത്തിനും ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്ന കാനോന്‍ നിയമത്തിനനുസൃതമായ നിലവിലുള്ള രീതി മാറ്റി ജില്ലാ, സംസ്ഥാനതലങ്ങളില്‍ ട്രസ്റ്റുകളുണ്‌ടാക്കാനുള്ള ശ്രമങ്ങളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചു നടക്കുന്നത്. അവയ്ക്കു സര്‍ക്കാര്‍ കമ്മീഷണറെ മേലധികാരിയായി നിയമിക്കുവാനുമുള്ള സര്‍ക്കാര്‍ നീക്കത്തിനുമെതിരെയാണ് സഭ കഴിഞ്ഞ നാളുകളിലും ഇന്നും പ്രതികരിക്കുന്നത്. ഇത് സഭയുടെ അടിസ്ഥാന നിലപാടുകളാണ്. ഇതില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ല: അല്‌മായകമ്മീഷന്‍ വ്യക്തമാക്കി. ക്രൈസ്‌തവ വിരുദ്ധ ശിപാര്‍ശകള്‍ രഹസ്യ അജന്‍ഡയാക്കി നടപ്പിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍ന്നാല്‍ വന്‍ പ്രക്ഷോഭത്തെ നേരിടേണ്‌ടിവരുമെന്നും ശിപാര്‍ശകളിന്‍മേലുള്ള സര്‍ക്കാര്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്നും അല്‌മായ കമ്മീഷനു വേണ്‌ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സിജോയ് പറപ്പള്ളി |




Vatican