|
കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളും, ഇടയ്‌ക്കാട്ട് ഫൊറോനാ പള്ളി വികാരിയുമായ ഫാ.തോമസ് തറയില്‍ (70) അന്തരിച്ചു. ഇന്ന് (ശനി ) രാത്രി പത്തരയ്‌ക്ക് ബാംഗ്ലൂരിലെ കൊളംബിയ ഏഷ്യ ഹോസ്‌പിറ്റലിലാണ് അന്ത്യമുണ്ടായത്. പാന്‍ക്രിയാസ് സംബന്ധമായ രോഗം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അച്ചനെ വെള്ളിയാഴ്‌ചയാണ് ഇവിടെ പ്രവേശിപ്പിച്ചത്. സഹോദരിയും വിസിറ്റേഷന്‍ സന്യാസ സഭാംഗവുമായ സിസ്‌റ്റര്‍ സാബയോടൊപ്പം തിങ്കളാഴ്‌ച രാവിലെയാണ് അച്ചന്‍ ബാംഗ്ലൂരില്‍ എത്തിയത്. മറ്റൊരു സഹോദരിയും വിസിറ്റേഷന്‍ സന്യാസഭാംഗവും, ബാംഗ്ലൂര്‍ സ്വര്‍ഗറാണി സ്‌കൂള്‍ അധ്യാപികയുമായ സിസ്റ്റര്‍ അക്വീനാസിനെ സന്ദര്‍ശിക്കാനാണ് ഇരുവരും ഇവിടെയെത്തിയത്. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നരയ്‌ക്കുള്ള വിമാനത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ തോമസച്ചന് നെഞ്ചു വേദന അനുഭവപ്പെടുകയും തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രോഗാവസ്ഥ അതീവ ഗുരുതരമായതു കൊണ്ട് അധികം വൈകാതെ കൊളംബിയ ഏഷ്യ ഹോസ്‌പിറ്റലിലേക്കു മാറ്റുകയായിരുന്നു.
1939 ഡിസംബര്‍ 13 ന് കല്ലറ തറയില്‍ ചാക്കോ - മറിയാമ്മ ദമ്പതികളുടെ മകനായിട്ടാണ് തോമസച്ചന്‍ ജനിച്ചത്. സെമിനാരി പഠനത്തിനു ശേഷം 1967 മാര്‍ച്ച് 12 ന് കോട്ടയത്തു വച്ച് തറയില്‍ പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തൊട്ടടുത്ത ദിവസം കല്ലറ പഴയ പള്ളിയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. കൈപ്പുഴയില്‍ അസിസ്റ്റന്റ് വികാരിയായിട്ടാണ് ഇടവക ശുശ്രൂഷയുടെ തുടക്കം. തുടര്‍ന്ന് തുരുത്തിക്കാട്, പുനലൂര്‍, ഉഴവൂര്‍, പയസ്‌മൗണ്ട്, വിതുര, കറ്റോട്, ഇരവിപേരൂര്‍, റാന്നി, പയ്യാവൂര്‍, കിടങ്ങൂര്‍, മാറിക - വടക്കുംമുറി, കുറുപ്പന്തറ, പുന്നത്തുറ, നീണ്ടൂര്‍, കൈപ്പുഴ എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചു. ചൈതന്യ ഡയറക്ടര്‍, കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍, കെ.സി.വൈ.എല്‍ രൂപതാ ചാപ്ലയിന്‍, യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. സഹോദരങ്ങള്‍: പരേതനായ ജോസഫ്, പരേതനായ ചാക്കോ, ഏബ്രഹാം, ലൂക്കോസ്, ഫിലിപ്പ്, സിസ്റ്റര്‍ അക്വിനാസ് എസ്.വി.എം, സിസ്റ്റര്‍ സാബ എസ്.വി.എം, ഏലിയാമ്മ, ത്രേസ്യാമ്മ. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എംബാം ചെയ്‌ത ശേഷം ആംബുലന്‍സില്‍ നാട്ടിലേക്കുകൊണ്ടുവന്ന മൃതദേഹം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മുട്ടുചിറ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് മൊബൈല്‍ മോര്‍ച്ചറിയിലാക്കി മൃതദേഹം കല്ലറയിലുള്ള വീട്ടിലേക്കു കൊണ്ടുപോയി. പ്രാര്‍ഥനയ്‌ക്കു ശേഷം വൈകുന്നേരം അഞ്ചരയോടെ മൃതദേഹം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബുധനാഴ്‌ച(മാര്‍ച്ച് 3 ) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌കാരം കല്ലറ പഴയപള്ളിയില്‍ നടത്തും
|




Vatican 