KCCNA CONVENTION 2012

Our Sponsors

സി.ബി.സി.ഐ മീറ്റിംഗിന്‌ തുടക്കമായി

posted Feb 27, 2010 1:44 AM by Cijoy Parappallil
ഗോഹട്ടി: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) 29–ാം ജനറല്‍ ബോഡി മീറ്റിംഗിന്‌ ഗോഹട്ടിയില്‍ ബ്രഹ്മപുത്ര നദിയുടെ തീരത്ത്‌ ജോയിപ്പൂരിലെ ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റ്യൂട്ടില്‍ തുടക്കമായി. വിശുദ്ധകുര്‍ബാനയോടെയാണ്‌ സമ്മേളനം തുടങ്ങിയത്‌. മുംബൈ ആര്‍ച്ച്‌ബിഷപ്പും സി.ബി.സി.ഐ വൈസ്‌ പ്രസിഡന്റുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ സീറോമലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ, കര്‍ദിനാള്‍ ഡോ. ടെലിസ്‌ഫോര്‍ ടോപ്പോ, ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ജോര്‍ജ്‌ വലിയമറ്റം, ഡോ. തോമസ്‌ മേനാംപറമ്പില്‍, ഡോ. സ്റ്റെന്‍സ്ലാവോസ്‌, വത്തിക്കാന്‍ പ്രതിനിധി മോണ്‍. ചിബുക്കെ ഒനിയാങ്കാല എന്നിവര്‍ കാര്‍മികരായിരുന്നു.
 
തങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്‌ മാതൃഭൂമിയെ സേവിക്കാനും ജനങ്ങള്‍ക്ക്‌ ദൈവരാജ്യം സമ്മാനിക്കാനുമാണെന്ന്‌ വിശുദ്ധകുര്‍ബാന മധ്യേ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ഓര്‍മിപ്പിച്ചു. അയല്‍ക്കാരെ സ്‌നേഹിക്കുകയും അതിന്റെ സത്ത ജനങ്ങള്‍ക്ക്‌ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നതിലൂടെയാണ്‌ ദൈവരാജ്യം യാഥാര്‍ഥ്യമാകുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ വായിച്ചു.
 
ആദിവാസികളുടെയും ദളിതരുടെയും ശാക്തീകരണത്തിന്‌ ശ്രദ്ധകൊടുക്കണമെന്നു നിര്‍ദേശിച്ച മാര്‍ വിതയത്തില്‍, ഒറീസയില്‍ പീഡനത്തിന്‌ വിധേയരായ ക്രൈസ്‌തവരെ പ്രത്യേകം സ്‌മരിക്കുകയും ചെയ്‌തു. സമകാലീന സമൂഹത്തിന്റെ ഗതിവിഗതികള്‍ മനസിലാക്കി ജനങ്ങളെ നയിക്കാനുള്ള ഉത്തരവാദിത്വമാണ്‌ സഭയ്ക്കുള്ളതെന്ന്‌ വത്തിക്കാന്‍ പ്രതിനിധി മോണ്‍. ചിബുക്കെ ഒനിയാങ്കാല ചൂണ്‌ടിക്കാട്ടി. യുവജനങ്ങളെ ലക്ഷ്യമിട്ട്‌ പുതിയൊരു സുവിശേഷവത്‌കരണം ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
 
മെത്രാന്മാര്‍ക്ക്‌ ഗൌരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനങ്ങള്‍ എടുക്കാനും പ്രകൃതിയുടെ ആനുകൂല്യം ആവോളമുണെ്‌ടന്ന്‌ ആതിഥേയ രൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. തോമസ്‌ മേനാംപറമ്പില്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു.
 
യുവജനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന സമ്മേളനത്തില്‍ സി.ബി.സി.ഐ. യൂത്ത്‌ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ലിയോ കോര്‍ണേലിയോ വിഷയം അവതരിപ്പിച്ചു. മാര്‍ച്ച്‌ മൂന്നിന്‌ സമ്മേളനം സമാപിക്കും.
  

 
സിജോയ് പറപ്പള്ളി  

Sign in  |  Recent Site Activity  |  Terms  |  Report Abuse  |  Print page  |  Powered by Google Sites