posted Mar 3, 2010 9:51 AM by Cijoy Parappallil
[
updated Mar 3, 2010 11:28 PM by Anil Mattathikunnel
]
കല്ലറ: കഴിഞ്ഞ ദിവസം നിര്യാതനായ ഫാ.തോമസ് തറയില്‍ ഇനി ദീപ്‌തമായ ഓര്‍മ. നൂറുകണക്കിനു വൈദികരുടെയും, സന്യസ്‌തരുടെയും, ആയിരക്കണക്കിന് വിശ്വാസികളുടെയും പ്രാര്‍ഥനകള്‍ ഉയരവേ ബുധനാഴ്‌ച വൈകുന്നേരം കല്ലറ സെന്റ് തോമസ് പഴയപള്ളിയില്‍ തോമസച്ചന്റെ സംസ്‌കാര ശുശ്രൂഷ നടന്നു. ചൊവാഴ്ച വൈകുന്നേരം തോമസച്ചന്റെ മൃതദേഹം കല്ലറയിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ മുതല്‍ അവിടേക്ക് ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവരുടെ അണമുറിയാത്ത പ്രവാഹമായിരുന്നു. ബുധനാഴ്‌ച ഉച്ചയോടെ തറയില്‍ തറവാട്ടിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു. നൂറുകണക്കിനു വൈദികരും, സന്യാസിനികളും, ആയിരക്കണക്കണക്കിനു വിശ്വാസികളും നിറമിഴികളോടെ തങ്ങളുടെ പ്രിയപ്പെട്ട തോമസച്ചന് അന്തിമോപചാരമര്‍പ്പിച്ചു. കോട്ടയം അതിരൂപതയ്‌ക്കു പുറമേ സമീപ രൂപതകളില്‍ നിന്നുമുള്ള നിരവധി വൈദികരും ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മൂന്നു ഭാഗങ്ങളായി നടന്ന വൈദികരുടെ സംസ്‌കാര ശുശ്രൂഷയിലെ ആദ്യ ഭാഗം വീട്ടില്‍ നടന്നപ്പോള്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ കാര്‍മികത്വം വഹിച്ചു. ഉഴവൂര്‍ ഫൊറോനാ വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ചരമ പ്രസംഗം നടത്തി. തുടര്‍ന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയില്‍ നാടു മുഴുവന്‍ അച്ചന് യാത്രമൊഴി നേരാന്‍ എത്തിയിരുന്നു. പള്ളിയില്‍ നടന്ന സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗത്തും, മൂന്നാം ഭാഗത്തിന്റെ സമാപനത്തിലും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ദിവ്യബലിയും മൂലക്കാട്ട് പിതാവാണ് അര്‍പ്പിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തൃപ്‌കിരമായ വിധത്തില്‍ ശുശ്രൂഷ നടത്തിയ വ്യക്തിയായിരുന്നു തോമസച്ചനെന്ന് മൂലക്കാട്ട് പിതാവ് പ്രസംഗത്തില്‍ അനുസ്‌മരിച്ചു. യേശുവിന്റെ വിശ്വസ്‌തത വൈദികന്റെ വിശ്വസ്‌തത എന്നതാണ് വൈദികവര്‍ഷത്തിലെ ആപ്‌തവാക്യം. ഇതിനോടു
നീതിപുലര്‍ത്തിയ വ്യക്തിയായരുന്നു തോമസച്ചന്‍. ഒരു മാതൃകാ പുരോഹിതനു വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു തോമസച്ചന്റേതെന്ന് മൂലക്കാട്ട് പിതാവ് തുടര്‍ന്നു പറഞ്ഞു. സംസ്‌കാരം ശുശ്രൂഷയുടെ മൂന്നാംഭാഗത്തിന്റെ തുടക്കത്തില്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു.
തോമസ് ചാഴികാടന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എക്സ്. എം.എല്‍.എ, ഈ. ജെ. ലൂക്കോസ് എക്സ്. എം.എല്‍.എ എന്നിവര്‍ അന്ത്യയാത്രാമൊഴി നേരാന്‍ എത്തിയിരുന്നു. |
|