കാസര്‍കോട് : പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ രാജപുരം എസ്‌റ്റേറ്റിലെ തീപിടുത്തത്തില്‍ ഉണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷനോടും സംസ്ഥാന സര്‍ക്കാരിനോടും ജില്ലാ വികസന സമിതി യോഗം അഭ്യര്‍ത്ഥിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചു. തീപിടുത്തത്തില്‍ ആയിരക്കണക്കിന് കശുമാവ് തൈകള്‍ കത്തി നശിച്ചു. സമീപത്തെ റബ്ബര്‍ കര്‍ഷകര്‍ക്കും കാര്യമായ നഷ്ടമുണ്ടായി. നിരവധി റബ്ബര്‍ തൈകള്‍ വെന്തു ചാമ്പലായി. നഷ്ടം നേരിടാന്‍ സര്‍ക്കാരിന്റെയും പി.സി.കെയുടെയും സഹായം ആവശ്യമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കാസര്‍കോട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ശുദ്ധജല വിതരണത്തിന് ആവിഷ്‌കരിച്ച ബാവിക്കര റെഗുലേറ്റര്‍ കംബ്രിഡ്ജിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും ഒപ്പുവെച്ച നിവേദനം ഇതിനായി നേരത്തെ തന്നെ സമര്‍പ്പിച്ചിട്ടുള്ളതാണെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞു.
എം.എല്‍.എമാരുടെ പേരില്‍ വ്യാജ അപേക്ഷകള്‍ നല്‍കി റേഷന്‍ കാര്‍ഡുകള്‍ തരപ്പെടുത്തുന്നത് സംബന്ധിച്ച പരാതികള്‍ അന്വേഷിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സിവില്‍ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. കെ.കുഞ്ഞിരാമന്‍ (ഉദുമ) എം.എല്‍.എയാണ് ഈ പ്രശ്‌നം അവതരിപ്പിച്ചത്. വ്യാജ റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിച്ച അപേക്ഷകളില്‍ തീരുമാനമാകാതെ അവശേഷിച്ചവയില്‍ ഉടന്‍ തീര്‍പ്പുണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനം അനുവദിക്കാനുള്ള അപേക്ഷകളില്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും തീര്‍പ്പുണ്ടാകും. മറ്റ് അപേക്ഷകളിന്‍മേലുള്ള നടപടിയും പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു.
ക്നാനായ വോയിസ് റിപ്പോര്‍ട്ടര്‍ തത്സമയം എടുത്ത ചിത്രങ്ങളാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുനത്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി പുരോഗതി യോഗം വിലയിരുത്തി. ജനുവരി 31 വരെയുള്ള കാലയളവില്‍ 81 ശതമാനം തുക വിനിയോഗിച്ച് കഴിഞ്ഞതായി യോഗത്തെ അറിയിച്ചു. ഉദിനൂരില്‍ വില്ലേജില്‍ പോലീസ് സ്‌റ്റേഷന് വേണ്ടി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലാത്തതിനാല്‍ 40 സെന്റ് സ്ഥലം പുതുതായി കണ്ടെത്തിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. സ്ഥലം കൈമാറ്റത്തിന് പോലീസ് വകുപ്പിന്റെ അപേക്ഷ ലഭിച്ചാല്‍ നടപടി വേഗത്തിലാക്കും. മാവില കടപ്പുറം ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് പുതുക്കും. ആദൂരില്‍ കാട്ടാന ശല്യം നേരിടുന്നതിന് വേലി കെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വനം വകുപ്പ് അറിയിച്ചു. 14 കിലോ മീറ്റര്‍ ദൂരത്തില്‍ അടുത്ത വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി വേലി നിര്‍മ്മിക്കും. ആര്‍.എം.എസ്.എ പദ്ധതി പ്രകാരം കെട്ടിട നിര്‍മ്മാണത്തിന് 13 സ്‌കൂളുകള്‍ക്ക് അനുവദിച്ച തുക വിനിയോഗിക്കാനുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം അടുത്തയാഴ്ച ചേരും. കാസര്‍ഗോഡ് താലൂക്കില്‍ 4019ഉം ഹോസ്ദുര്‍ഗ് താലൂക്കില്‍ 2391 ഉം മണ്ണെണ്ണ പെര്‍മിറ്റുകള്‍ അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കടകളില്‍ അരിയും ഗോതമ്പും ആവശ്യത്തിന് ലഭ്യമാക്കാനുള്ള സ്‌റ്റോക്ക് നീലേശ്വരം എഫ്.സി.ഐ ഗോഡൗണില്‍ ഉണ്ടെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പുതുതായി ആവിഷ്‌കരിക്കുന്ന ഇമണല്‍ പദ്ധതിയെ കുറിച്ച് സബ് കളക്ടര്‍ ബാലകിരണ്‍ വിശദീകരിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), പി.ബി.അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്.കുര്യാക്കോസ്, സബ് കളക്ടര്‍ ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു
posted Feb 24, 2012 4:07 AM by P C Kuriakose
[
updated by Saju Kannampally
]
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള സ്വയം സംരംഭക വികസന മിഷന്‍ ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം കെ.എം മാണി നിര്‍വ്വഹിക്കുന്നു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രേംനാഥ് രവീന്ദ്രനാഥ്, തോമസ് ചാഴിക്കാടന്‍, മുഷ്താഖ് അഹമത് എം, അന്നമ്മ എം എന്നിവര്‍ സമീപം.
കോട്ടയം: കേരളത്തില്‍ വ്യവസായവല്‍ക്കരണം ത്വരിതപ്പെടണമെന്ന് ധനകാര്യമന്തി കെ. എം. മാണി. സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ രൂപികൃതമായിരിക്കുന്ന കേരള സ്വയം സംരംഭക വികസന മിഷന്റെ കോട്ടയം ജില്ലാതല പരിശീലനപരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ രഹിതരായ 6 ലക്ഷത്തോളം ആളുകള്‍ക്ക് നൂതന തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുവാനും തൊഴില്‍ അന്വേഷകരായ യുവജനങ്ങളെ തൊഴില്‍ദാതാക്കളാക്കി മാറ്റുവാനും പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട വരുമാന സംരംഭക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കേരള സ്വയം സംരംഭക മിഷന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ തോമസ് ചാഴിക്കാടന്‍ എക്സ് എം.എല്‍.എ, ക്രെഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് അക്കൌണ്ടണ്ട്സ് & റിസോഴ്സ് മൊബിലൈസേഷന്‍ കണ്‍സല്‍ട്ടന്‍സി & മാര്‍ക്കറ്റിംങ് ഡിവിഷന്‍ ഓഡിറ്റ് ജനറല്‍ മാനേജര്‍ പ്രേംനാഥ് രവീന്ദ്രനാഥ്, കണ്‍സള്‍ട്ടന്‍സി & മാര്‍ക്കറ്റിംങ് ഡിവിഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറും കേരള സംസ്ഥാന സ്വയം സംരംഭക മിഷന്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറുമായ മുഷ്താഖ് അഹമത് എം, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ എം. അന്നമ്മ എന്നിവര്‍ പ്രസംഗിച്ചു.
യുവജനങ്ങളുടെ സംരംഭകത്വശേഷി പരിപോഷിപ്പിക്കുകയും നൂതന തൊഴില്‍ സംരഭക സാധ്യതകള്‍ അവര്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്ന പദ്ധതിയുടെ കോട്ടയം ജില്ലാതല നടത്തിപ്പ് ഏജന്‍സി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെയും കെ.എസ്.എസ്.എസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 6 ആഴ്ചത്തെ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ സ്വയം സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കും.
സമ്മേളനത്തോട് അനുബന്ധിച്ച് മണ്ണ്-ജല-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ഹരിതസമൃദ്ധി പദ്ധതിയുടെ സബ്സിഡി വിതരണവും വികലാംഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാസഹായനിധിയുടെ വിതരണവും കെ. എം. മണി നിര്‍വ്വഹിച്ചു.
കുറുമുള്ളൂര്‍: സെന്റ് സ്റ്റീഫന്‍സ് പള്ളിയുടെ എല്ലാ വിവരണങ്ങളും അടങ്ങുന്ന വെബ്സൈറ്റിന്റെ (കുറുമുള്ളൂര്‍ ചര്‍ച്ച് ഡോട്ട് കോം) ഉദ്ഘാടന കര്‍മ്മം പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 8 മണിക്ക്, വികാരി ഫാ. തോമസ് പ്രാലേല്‍ നിര്‍വ്വഹിച്ചു. ഈ വെബസൈറ്റ് രൂപീകരിച്ച അഡ്വ. സാജു കണ്ണമ്പള്ളിയും, ടിജു കണ്ണമ്പള്ളിയും, കൂടാതെ പ്രവാസികള്‍ക്കുവേണ്ടി ബിജു പൂത്തുറയില്‍ (ചിക്കാഗോ), ജോസ് മുഖച്ചിറ (യു.കെ.), ജയിംസ് തോമസ് മലേപ്പറമ്പില്‍ (സൌദി) എന്നിവരും, കുറുമുള്ളൂര്‍ പള്ളി കൈക്കാരന്മാരായ ഫിലിപ്പ് മന്നാകുളം, ജോസ് ലൂക്കോസ് കോളവേലില്‍, ട്രഷറര്‍ റെജി തൂമ്പില്‍ എന്നിവരും ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു.
posted Feb 23, 2012 10:08 PM by knanaya news
[
updated Feb 23, 2012 10:19 PM
]
കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ 2012 - 2013 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും പരീക്ഷ ഒരുക്ക സെമിനാറും മാര്‍ച്ച് 4-ാം തീയതി ഞായറാഴ്ച ഒളശ്ശ സെന്റ് സെന്റ് ആന്റണീസ് പള്ളിയങ്കണത്തില്‍ നടത്തുന്നു. കെ.സി.വൈ.എല്‍. സംഘടനാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒളശ്ശ സെന്റ് ആന്റണീസ് ദേവാലയം അതിരൂപതാ പ്രവര്‍ത്തനോദ്ഘാടനത്തിന് വേദിയാകുന്നത്.
ഉച്ചകഴിഞ്ഞ് 2.15 ന് കെ.സി.വൈ.എല്‍. അതിരൂപതാ ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് സിറിയക് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് 2.30 ന് പരീക്ഷ ഒരുക്ക സെമിനാര്‍ നടക്കും. 3.30 ന് അതിരൂപതാ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം കേരളാ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.വൈ.എല്‍ കര്‍മ്മപദ്ധതിയുടെ പ്രകാശന കര്‍മ്മം റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അതിരൂപതാ വികാര ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ അനുഗ്രഹപ്രഭാഷണവും, കോട്ടയം എം. പി. ജോസ് കെ. മാണി മുഖ്യപ്രഭാഷണവും നടത്തും. ഏറ്റുമാനൂര്‍ എം.എല്‍.എ. സുരേഷ്കുറുപ്പ്, ഒളശ്ശ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. എബ്രാഹം കളരിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. അതിരൂപതാ ജനറല്‍ സെക്രട്ടറി നിധിന്‍ പുല്ലുകാടന്‍ സ്വാഗതവും, യൂണിറ്റി പ്രസിഡന്റ് റ്റിജോ മേടയില്‍ നന്ദിയും പറയും.
കോതനല്ലൂര്‍: 2012 ലെ ഓരോ വെള്ളിയാഴ്‌ചകളിലും കോട്ടയം അതിരൂപതയിലെ ഓരോ ഇടവകകള്‍ക്കുവേണ്ടി തൂവാനീസായില്‍ നടത്തപ്പെടുന്ന ജാഗരണ പ്രാര്‍ത്ഥന ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്നു. കടുത്തുരുത്തി ഇടവകയ്‌ക്കുവേണ്ടി നടത്തപ്പെട്ട പ്രാര്‍ത്ഥന നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യംകൊണ്ട് തൂവാനീസായ്‌ക്ക നവ്യാനുഭവമായി. ഫൊറോനാ വികാരി ഫാ. ജോണ്‍ ചേത്തലില്‍, അസി. വികാരി ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍. സിസ്റ്റേഴ്‌സ് എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ വാഹനങ്ങള്‍ ക്രമീകരിച്ച് ഒരു കുടുംബത്തില്‍നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന നിഷ്‌ഠയോടെ സഹകരിച്ചപ്പോള്‍ അതിരൂപതയ്‌ക്കു തന്നെ മാതൃകയായി മാറി. വചനപ്രഘോഷണത്തിന് എസ്.വി.ഡി. ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ടൈറ്റസ് തട്ടാമറ്റവും,ജപമാല പ്രാര്‍ത്ഥനയ്‌ക്ക് ബെന്നി വട്ടംതൊട്ടിയും, ഗാനശുശ്രൂഷയ്‌ക്ക് സിസ്റ്റര്‍് മാര്‍ത്താ LDSJGയും വി. കുര്‍ബാനയ്‌ക്ക് ഫാ. ജോണ്‍സണ്‍ നീലനിരപ്പേലും ആരാധനയ്‌ക്കും കുമ്പസാരത്തിനും ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. മാത്യു മാവേലില്‍, ഫാ. ജോണ്‍ ചേത്തലില്‍ എന്നിവരും നേതൃത്വം നല്‍കി. വ്യക്തിപരമായി പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവസരം ഒരുക്കിയിരുന്നു. വൈകിട്ട് 7 മണിക്ക് ജപമാലയോടെ ആരംഭിച്ച് വെളുപ്പിന് 1 മണിക്ക് സമാപിച്ച പ്രാര്‍ത്ഥനയില്‍ കടുത്തുരുത്തിയില്‍ നിന്നു മാത്രമല്ല മറ്റിടവകകളില്‍നിന്നും അനേകര്‍ പങ്കെടുത്തു. മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ഇടവകകള്‍. മാര്‍ച്ച് 2 വെള്ളി തോട്ടറ, മാര്‍ച്ച് 9 വെള്ളി അറുനൂറ്റിമംഗലം, മാര്‍ച്ച് 16 വെളളികരിപ്പാടം, മാര്‍ച്ച് 23 വെള്ളിവെള്ളൂര്‍, മാര്‍ച്ച് 30 വെള്ളിഞീഴൂര്‍.
കോട്ടയം ജില്ലാതല വിഷന്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ കൈപ്പുഴ സ്‌കൂള്‍ ടീം സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, കായികാധ്യാപകന്‍ എന്നിവര്‍ക്കൊപ്പം.
posted Feb 23, 2012 4:21 AM by knanaya news
[
updated Feb 23, 2012 4:25 AM
]
സംസ്ഥാന നാളികേര വികസന ബോര്‍ഡും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയുടെ ഉദ്ഘാടനം നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ റ്റി.കെ. ജോസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) ജോമോന്‍ ജോണി, മാത്യു ജോസഫ്, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡോ. കെ.ജെ ജോസഫ്, സിസ്റര്‍ ലിനറ്റ് ഡി.സി.പി.ബി, ജിജി ജോയി എന്നിവര്‍ സമീപം
കോട്ടയം: പ്രായഭേദമന്യേ വലിപ്പച്ചെറുപ്പമില്ലാതെ അവര്‍ ഒത്തുചേര്‍ന്നു. ആട്ടവും പാട്ടും താളവും മേളവുമായി അവര്‍ മത്സരിച്ചു തെങ്ങില്‍ കയറി. ഓരോ തവണ കയറി ഇറങ്ങുമ്പോഴും അവരില്‍ ഉത്സാഹം കൂടികൂടി വന്നു. സംസ്ഥാന നാളികേരവികസന ബോര്‍ഡുമായി സഹകരിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കൂന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി വഴിയാണ് ഈ കേരകര്‍ഷക കൂട്ടായ്മയ്ക്ക് തെള്ളകം ചെതന്യ പാസ്ററല്‍ സെന്ററില്‍ വഴിയൊരുങ്ങിയത്.
കേരകൃഷി വികസനത്തോടൊപ്പം കേരകര്‍ഷകന്റെ സര്‍വ്വേതോന്‍മുഖമായ വികസനം ലക്ഷ്യമാക്കി നാളികേരവികസന ബോര്‍ഡ് വിഭാവനം ചെയ്തിരിക്കുന്ന 'ഫ്രണ്ട്സ് ഓഫ് കോക്കനട്ട്' എന്ന പദ്ധതി നടപ്പിലാക്കുന്ന കോട്ടയം ജില്ലയിലെ സന്നദ്ധസംഘടനയാണ് കെ.എസ്.എസ്.എസ്. 20 പേര്‍ക്കായി ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയുടെ പ്രഥമ ബാച്ചിന്റെ പരിശീലനം തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ റ്റി.കെ ജോസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. തെങ്ങിനെ സ്നേഹിക്കുന്നവരുടേയും പരിപാലിക്കുന്നവരുടേയും കൂട്ടായ്മ വളര്‍ത്തി കേരസംരക്ഷണത്തോടൊപ്പം കേരകര്‍ഷകര്‍ക്ക് സുരക്ഷിത വരുമാനവും ഉറപ്പുവരുത്താന്‍ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടവിളകൃഷി പ്രോത്സാഹനത്തിനും തെങ്ങില്‍ നിന്നുള്ള വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്പാദനത്തിനും പ്രചരണത്തിനും പദ്ധതിയിലൂടെ വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കുമരകം കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രൊഫസര്‍ & ഹെഡ് ഡോ. കെ.ജെ. ജോസഫ് , സിസ്റര്‍ ലിനറ്റ് ഡി.സി.പി.ബി, ജിജി ജോയി, മാത്യു ജോസഫ്, ജോമോന്‍ ജോണി എന്നിവര്‍ പ്രസംഗിച്ചു.
പുരുഷന്മാരോടൊപ്പം തന്നെ വനിതകള്‍ക്കും തെങ്ങുകയറ്റം ആദായകരമായ ഒരു വരുമാനമാര്‍ഗ്ഗമായി മാറ്റുവാന്‍ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി വഴിയൊരുക്കുമെന്നാണ് പരിശീലനത്തിന്റെ ആദ്യ ബാച്ചിലെ കോരിത്തോടുനിന്നുള്ള സിന്ധു ബാലകൃഷ്ണന്റെ അഭിപ്രായം. അതോടൊപ്പം വൈക്കത്തു നിന്നുള്ള റോയി പി.സിയുടെ അഭിപ്രായത്തില്‍ തെങ്ങില്‍ കയറുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരകര്‍ഷകര്‍ക്കും തെങ്ങിനെ സ്നേഹിക്കുന്നവര്‍ക്കും പ്രോത്സാഹനവും പ്രചോദനവും നല്‍കുന്ന ഒന്നായിമാറും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി. ഒപ്പം കേരകര്‍ഷകര്‍ക്ക് നൂതന സാധ്യതകള്‍ തുറന്നു നല്‍കുവാന്‍ ഈ പദ്ധതി വഴിയൊരുക്കുമെന്നും റോയി പറഞ്ഞു. പരിശീലനാര്‍ത്ഥികള്‍ ഓരോ ദിവസവും പിന്നിടുമ്പോഴും കൂടുതല്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നത് ഏറെ സംതൃപ്തികരമാണെന്ന് തെങ്ങുകയറ്റം മാസ്റര്‍ ട്രെയിനേഴായ സി.കെ. കൈലാസന്‍, രാജീവ് ജി എന്നിവര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒട്ടാകെ 5000തോളം തെങ്ങിന്റെ ചങ്ങാതിമാരെ രൂപീകരിക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആറ് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പരിശീലനത്തോടനുബന്ധിച്ച് തെങ്ങുകയറ്റ പരിശീലനം, തെങ്ങ് സംരക്ഷവും പരിപാലനവും, വിത്തു തെങ്ങാകളുടെ തെരഞ്ഞെടുപ്പ്, തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ദ്ധത ഉല്‍പ്പനങ്ങളുടെ നിര്‍മ്മാണവും വ്യാപാനവും മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പതമാക്കി ക്ളാസ്സുകള്‍ സംഘടിപ്പിച്ചുവരുന്നു.
18 നും 40 നും ഇടയില്‍ പ്രായമുള്ള പൂര്‍ണ്ണ ആരോഗ്യമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റൈഫന്റും തെങ്ങുകയറ്റ മെഷീനും കൂടാതെ ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. കൃഷി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചിട്ടുള്ള കെ.എസ്.എസ്.എസ് സംസ്ഥാന നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി കേരകൃഷിക്കും കര്‍ഷകര്‍ക്കും കൂടുതല്‍ കരുത്തും ഊര്‍ജ്ജവും നല്‍കുമെന്ന് കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള അടുത്ത ബാച്ചില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9447812572 എന്ന നമ്പരില്‍ ബന്ധപ്പെടുക.
തൊടുപുഴ: യു.കെ യിലെ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും എന്‍ജിനീയറിംഗ് മാസ്റ്റേഴ്‌സില്‍ യൂണിവേഴ്‌സിറ്റി ടോപ് സ്‌കോറര്‍ സ്ഥാനം കരസ്ഥമാക്കിയ ജാക്‌സണ്‍ ജോണ്‍. ചുങ്കം ഇടവക മൂലക്കാട്ട് ജോണ്‍ – സ്‌പീനി ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. റിം മാത്യു കുറുപ്പന്തറ ഇടവക പുത്തന്‍ചിറയില്‍ കുടുംബാംഗം.
posted Feb 23, 2012 2:21 AM by P C Kuriakose
[
updated Feb 23, 2012 7:29 AM
]
ചിങ്ങവനം: ക്നാനായ യാക്കോബായ സഭയുടെ യുവജന വിഭാഗമായ ക്നാനായ കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് ഉദ്ഘാടനം 26 ന് കുറുച്ചി മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ നടക്കും. രാവിലെ 11ന് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.സംഘടന ന്യൂസ് ബുള്ളറ്റിനായ 'ക്നാനായ യുവശബ്ദം' ചടങ്ങില്‍ പ്രകാശനം ചെയ്യും.ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സോവോറിയോസ് അധ്യക്ഷ്തവഹിക്കും.കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.കെ ജോസ്കുട്ടി കുടുംബവേദിയില്‍ ക്ലാസ് നയിക്കും.
ക്നാനായ കോണ്‍ഗ്രസ് പ്രസിഡന്റ് ഫാ.ജേക്കബ് കല്ലുകുളം ആമുഖപ്രഭാഷണം നടത്തും. വാര്‍ത്താപത്രിക പ്രകാശനം സി.എഫ് തോമസ് എം.എല്‍.എ നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി സ്മിജു ജേക്കബ് മറ്റയ്ക്കാട്ട് സ്വാഗതം പറയും.ക്നാനായ യുവശബ്ദം ത്രൈമാസികയായിട്ടാണ് പ്രസിദ്ധികരിക്കുന്നത്. വെബ്സൈറ്റ് വിലാസം: www.knanayacongress.com
തെള്ളകം: വനിതാശാക്തീകരണ രംഗത്ത് ക്രിയാത്മക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച കോട്ടയം അതിരൂപതയുടെ സാമൂഹിക വികസനപ്രസ്ഥാനമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിന് അക്ഷരനഗരിയായ കോട്ടയത്ത് വിപുലമായ പരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. അന്നുച്ചകഴിഞ്ഞ് കോട്ടയം മാര്‍ ഏലീയ കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും തിരുനക്കര മൈതാനിയിലേയ്‌ക്ക് വര്‍ണശബളമായ വനിതാദിന റാലി നടത്തപ്പെടും. റാലിയോടനുബന്ധിച്ച് ആനുകാലിക വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള പ്രച്ഛന്ന വേഷമത്സരം, മികച്ച വസ്‌ത്രധാരണ മത്സരം, ഭാഗ്യവനിത നറുക്കെടുപ്പ് എന്നിവയും സംഘടിപ്പിക്കും. മത സാമൂഹിക – രാഷ്‌ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും നടത്തപ്പെടും.